ഒടിടി റിലീസുകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ‘മാലിക്’. ‘ടേക്ക് ഓഫി’നും ‘സി യു സൂണി’നും ശേഷം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന മഹേഷ് നാരായണന്‍ ചിത്രം. 161 മിനിറ്റ് കൊണ്ട് സുലൈമാന്‍റെ കുട്ടിക്കാലം മുതലുള്ള ‘റമദാപ്പള്ളി’യിലെ ജീവിതം നോണ്‍ലീനിയര്‍ ശൈലിയിലൂടെ പറഞ്ഞുവയ്ക്കുന്നു . സമാന്തര സാമൂഹിക ശ്രേണിയുടെ താഴെത്തട്ടിൽ നിൽക്കുന്ന തീരദേശ ജീവിതത്തിന്റെ ആഭ്യന്തര കാര്യങ്ങൾ സവിസ്തരം ഇതിൽ പ്രതിപാദിച്ചിട്ടുണ്ട് . യഥാതഥ കഥയുടെ ആവിഷ്‍കരണമല്ലെന്ന് മഹേഷ് നാരായണന്‍ പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്‍റെ ദൃശ്യഭാഷയില്‍ വ്യക്തമായ രാഷ്ട്രീയം കടന്നു വരുന്നുണ്ട് . കൃത്യമായ ചരിത്രാവബോധമുള്ളവർക്ക് മാത്രം ഇഴകീറിയെടുക്കാൻ സാധിക്കുന്ന വസ്തുതകൾ അല്പം ഫാന്റസി കലർത്തി പറഞ്ഞിരിക്കുന്നു . ഫഹദ് ഫാസിലിന്‍റെ അഭിനയജീവിതത്തിലെ അവിസ്‍മരണീയ കഥാപാത്രങ്ങളിൽ ഒന്നുമാത്രമാണ് സുലൈമാന്‍ മാലിക്. ‘സൈക്കോ കഥാപാത്രങ്ങളി’ലൂടെ പ്രകടനത്തില്‍ ആവര്‍ത്തനവിരസത അനുഭവപ്പെടുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കുള്ള നടന്റെ ഗംഭീര മറുപടിയാണ് സുലൈമാന്‍ മാലിക്. തിരക്കഥയിലെ പാളിച്ചകൾ പോലും അസാധ്യമായ അഭിനയപാടവം കൊണ്ട് മറച്ചുവെക്കാൻ അദ്ദേഹത്തിന് പലപ്പോഴും സാധിച്ചു. സാനു ജോണ്‍ വര്‍ഗീസിന്റെ ക്യാമറയ്ക്ക് ‘ ടേക്ക് ഓഫി’ നോളം സഞ്ചരിക്കാനായില്ല എന്ന് പലപ്പോഴും തോന്നി. എന്നാലും സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സാനു ജോൺ മനോഹരമായ ഒരു ഓട്ട പ്രദക്ഷിണം തന്നെ നടത്തിയിട്ടുണ്ട്. മഹേഷ് നാരായണന്‍ എന്ന എഡിറ്ററും സന്തോഷ് രാമന്‍, അപ്പുണ്ണി സാജന്‍ എന്നീ കലാസംവിധായകരും കൃത്യമായ കൈയൊപ്പ് ചാർത്തിട്ടുണ്ട് ചിത്രത്തിൽ. സുഷിന്‍ ശ്യാമിന്‍റെ സംഗീതവും പ്രത്യേക പരാമർശമർഹിക്കുന്നുണ്ട്.
നോൺ ലീനിയർ ആയി സുലൈമാൻ എന്ന ഫഹദ് കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയുള്ള ഒരു നടത്തമാണ് ഈ ചിത്രം . റമദാപള്ളിയിലെ നേതാവായ സുലൈമാൻ എന്ന അലി ഇക്ക ഹജ്ജിനു പോകാൻ ഒരുങ്ങുന്ന ദിവസം ആണ് ആദ്യം കാണിക്കുന്നത് . അലി ഇക്കയുടെ ജീവിതത്തിൽ സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്നങ്ങളും മതപരമായ പ്രശ്നങ്ങളും സംഭവിക്കുന്നുണ്ട് എന്ന സൂചന ആദ്യ പത്തു മിനിറ്റിൽ തന്നെ സംവിധായകൻ വരുന്നുണ്ട് . ഭാര്യ റോസ്ളിന്റെ ഗൗരവപൂർവമായ ഇടപെടൽ, മകന്റെ മരണത്തെക്കുറിച്ചുള്ള സൂചന എന്നിവയും ആദ്യ പത്ത് മിനിറ്റിൽ തന്നെ മനസ്സിലാക്കാം. ഹജ്ജിനു പുറപ്പെടുന്ന അലി ഇക്കയെ ടാഡ നിയമം ഉപയോഗിച്ച് വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് കഥ പരുക്കൻ സ്വഭാവത്തിലേക്ക് ജനിക്കുന്നത്. കഥാരംഭം ത്തിൽ ജനിക്കുന്ന പരിഭ്രമങ്ങൾക്കുള്ള മറുപടിയാണ് തുടർന്നങ്ങോട്ടുള്ള ഓരോ സംഭാഷണവും. ആരാണ് സുലൈമാൻ, അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തൊക്കെ എന്ന് ഫ്ലാഷ്ബാക്കിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. സാമൂഹിക, സാംസ്കാരിക, മതപരമായ ചുറ്റുപാടുകളെ കൃത്യമായി അവതരിപ്പിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയാണ് സംവിധായകൻ മുന്നോട്ടുപോകുന്നത്. കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളോട് സാമ്യം പറയാവുന്ന പ്രമേയമാണ് മഹേഷ് നാരായണൻ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത് .
ചരിത്രവും മതവും വ്യക്തമായി പറയുവാൻ മടിയും പേടിയും കാണിക്കുന്ന ഒരു സമാന്തരസിനിമ ശ്രേണിയുണ്ട് മലയാളത്തിൽ. ഏച്ചുകെട്ടി ഏച്ചുകെട്ടി ചരിത്രത്തെ വളച്ചൊടിക്കുന്ന ദൃശ്യങ്ങൾ കല്ലുകടിയുണ്ടാക്കി. ചിത്രത്തിലെ വില്ലന്‍ രാഷ്ട്രീയക്കാരും ബിസിനിസ് ലോബിയും കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാത്ത ആഭ്യന്തരവകുപ്പും മാത്രമാണ് . ഏറ്റവും നിഷ്കളങ്കരായ ജനങ്ങളെ തമ്മിലടിപ്പിക്കാൻ മാത്രം അവർ രംഗത്തുവരുന്നു. ആദ്യം മുതൽ അവസാനം വരെ മേക്കിങ്ങിലെ നിലവാരം ഒരുപോലെ കൊണ്ടുപോകുന്നതിൽ അണിയറപ്രവർത്തകർ പലപ്പോഴും പരാജയപ്പെട്ടു . സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും കഥയോട് ഏറെക്കാലം നിൽക്കുന്നതാണ്. മിനിറ്റുകളോളം നീണ്ടു നിൽക്കുന്ന സിംഗിൾ ഷോട്ടുകൾ ഛായാഗ്രാഹകന്റെ മികവ് എടുത്തുപറയുന്നുണ്ട്.
തിരുവനന്തപുരത്തെ ബീമാപള്ളിയും 2009 മെയ് 16ന് നടന്ന വെടിവെപ്പും തന്നെയാണ് കേന്ദ്രകഥാതന്തു. ഒരുകാലത്ത് വ്യാജ സീഡികളുടെയും ഇലട്രോണിക്ക് സാമഗ്രികളുടെ കള്ളക്കടത്തിന്റെയുമൊക്കെ കേന്ദ്രമായിരുന്നു ബീമാപ്പള്ളി. തീരപ്രദേശത്തെ ആളുകൾ എങ്ങനെയാണ് ഇത്തരം ദുർമാർഗ്ഗങ്ങളിലേക്ക് എത്തിച്ചേർന്നതെന്ന് കൃത്യമായി സംവിധായകൻ ചിത്രത്തിൽ പറയുന്നുണ്ട്.
മാലിക്കിൽ റമദാപ്പള്ളിക്കാരുടെ ദൈവമാണ് സുലൈമാന്‍ മാലിക് എന്ന അലി ഇക്ക. നാട്ടുകാർ മുഴുവൻ ചപ്പുചവറുകൾ കൊണ്ടിട്ട് തീർത്തും മലിനമാക്കിയ പള്ളിമുറ്റത്തെ ശുദ്ധികലശം ചെയ്ത വലിയ ഒരാൾ. അലിയുടെ ബാപ്പയുടെ കബർ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് എന്ന വൈകാരിക ബന്ധവും ഇതിനു പിന്നിലുണ്ട്. ഖനനത്തിനെതിരായും ഗതാഗത വികസനത്തിന് പാവങ്ങളെ കുടി ഒഴിപ്പിക്കുന്നതിനെതിരായും അയാൾ സംസാരിക്കുന്നുണ്ട്. മകന്റെ മരണം വല്ലാതെ ആടിയുലക്കുന്നുണ്ട് അയാളെയും കുടുംബത്തെയും. ഫഹദ് ഫാസിൽ എന്ന നടന്റെ ചടുലതക്കൊപ്പം ഇതര കഥാപാത്രങ്ങളിലൂടെയുള്ള വിനിമയത്തിന് പലപ്പോഴും ഭംഗം നേരിട്ടിട്ടുണ്ട്. വൈകാരികമായി പ്രേക്ഷകനെ സിനിമയിലേക്ക് അടിപ്പിക്കാൻ സാധിക്കുന്ന പല സന്ദർഭങ്ങളുമുണ്ടായിട്ടും അതൊന്നും സംവിധായകൻ ഉപയോഗിച്ചിട്ടില്ല. അലിയുടെ കഥ ഫ്രഡിയോട് ഉമ്മ പറയുന്ന സന്ദർഭത്തിൽ പ്രേക്ഷകനുമായി വൈകാരിക വിനിമയം സംഭവിക്കാനുള്ള സാധ്യത കുറവാണ്. ജോജു അവതരിപ്പിക്കുന്ന കളക്ടറുടെ സ്വഭാവത്തിൽ എല്ലായ്പ്പോഴും ഒരു കൃത്യത അനുഭവപ്പെട്ടില്ല. വിനയ് ഫോർട്ട് സംഭാഷണം കൊണ്ട് കൃത്രിമ അഭിനയത്തിലേക്ക് പലപ്പോഴും വഴുതിവീണു. ചിത്രത്തിൽ എടുത്തു പറയേണ്ട അഭിനയമാണ് നിമിഷ സജയൻ കാഴ്ചവെച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, സലിംകുമാർ തുടങ്ങിയവർക്ക് പോലും എല്ലായിടത്തും സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കാൻ സാധിക്കാത്തത് പോലെ അനുഭവപ്പെട്ടു. എന്നാൽ ഇന്ദ്രൻസിന്റെ പോലീസ് കഥാപാത്രം ഏറെ മികച്ചു നിന്നു. തിരക്കഥയിലും മേക്കിങ്ങിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അല്പം കൂടി ശ്രദ്ധ ആവാമായിരുന്നു എന്ന് തോന്നി. പരിപൂർണ്ണ ആസ്വാദനവും ചരിത്രസത്യങ്ങളോട് ആഭിമുഖ്യവും പുലർത്തുന്നവർക്ക് ചിത്രം നിരാശ സമ്മാനിക്കുവാനാണ് സാധ്യത.
#malikreview #fahadhfassil #maheshnarayanan

