കുരുമുളകെന്ന കറുത്ത പൊന്നിനെ കേരളീയർ ആവോളം സ്നേഹിക്കുന്നുണ്ട്. മസാല കൂട്ടിലെ മുന്തിയ ഇനം തന്നെയാണ് എന്നും കുരുമുളക്.
ഭാരതത്തിലേക്ക് വിദേശികൾ കടന്നുവരുകയും മറ്റു സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തതോടെ ലോകമെമ്പാടും കുരുമുളകിനു പ്രാധാന്യമേറി. പെപ്പർ നൈഗ്രാം എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കുരുമുളകിന്റെ സ്വദേശം കേരളമാണെന്നു കരുതപ്പെടുന്നു. പണ്ടുതൊട്ടേ
കുരുമുളകിനെ ഔഷധസേവയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നു. കുഞ്ഞി കറുമ്പൻ പൊന്നിന്റ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .
കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നിർവീര്യമാക്കുന്നതിനുത്തമം ആണ്.കഫക്കെട്ടിനുള്ള നല്ല ഔഷധം കൂടിയാനണിത്.കുരുമുളക്, ചുക്ക്, തിപ്പലി ഇവ സമാസമം എടുത്ത് എട്ടിരട്ടി വെള്ളത്തിൽ കഷായമാക്കി നാലിൽ ഒന്നായി വറ്റിച്ച് 20 മില്ലീ ലിറ്റർ വീതം രാവിലെയും രാത്രിയിലും സേവിച്ചാൽ കഫക്കെട്ടും അതോടനുബന്ധിച്ചുള്ള പനിയും മാറികിട്ടുമെന്ന് ആയുർവേദം പറയുന്നു .തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങൾക്കും കുരുമുളക് നല്ലതാണ്. തൊണ്ട വേദനക്കും ശബ്ദമടപ്പിനും തൊണ്ടയിലെ നീരിനും കുരുമുളക് കഷായം ദിനവും മൂന്നുനാല് ആവർത്തി സേവിച്ചാൽ മതിയെന്നും പറയപ്പെടുന്നു.
കുരുമുളക് കഷായത്തിൽ പഞ്ചസാര യോജിപ്പിച്ചു കഴിച്ചാൽ ജലദോഷം ശമിക്കുന്നതാണ്.
കുരുമുളകും കൽക്കണ്ടവും ചേർത്ത് പല ആവർത്തി ചവക്കുകയോ കുരുമുളകും ചുക്കും ചേർത്ത് കഷായമാക്കി കുടിച്ചാലോ ചുമ ശമിക്കും.ശരീരത്തിലുണ്ടാകുന്ന വിറയൽ കുറയുവാനും കുരുമുളക് കഷായം അത്യുത്തമമാണ് .
പനി, ജലദോഷം, ശരീരവേദന എന്നിവയ്ക്ക് കുരുമുളക് ചേർത്തു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നതു നല്ലതാണ്. വെളിച്ചെണ്ണയിൽ കാച്ചി കുരുമുളക് ശരീരിത്തിൽ തേച്ച് തുടർച്ചയായി തടവിയാൽ പക്ഷവാതം, വിറവാതം എന്നിവയ്ക്ക്ശമനമുണ്ടാകും.കുരുമുളകിന്റെ ഇല വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ ചൊറി, ചിരങ്ങ് തുടങ്ങിയവ ശമിക്കുമെന്നും പഴമക്കാർ പറയുന്നു.നീർതാഴ്ചയ്ക്ക് മികച്ച ഔഷധമാണ് കുരുമുളക്. വെളിച്ചെണ്ണയിൽ കുരുമുളക് ചേർത്ത് കാച്ചി തലയിൽ തേച്ചശേഷം കുളിച്ചാൽ നീർതാഴ്ച പൂർണമായും ഇല്ലാതാകും.
സുഗന്ധവ്യഞ്ജന കൃഷികളോട് താൽപര്യം കുറയുന്ന മലയാളികൾക്ക് സത്ത പരിപൂർണ്ണമായും ഉൾക്കൊള്ളുന്ന കുരുമുളക് കിട്ടാനില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ജൈവവളമുപയോഗിച്ച് വീടുകളിൽ കൃഷി ചെയ്യുന്ന കുരുമുളക് കൃത്യമായി ഉണങ്ങി സൂക്ഷിച്ചാൽ വർഷങ്ങളോളം കേടു കൂടാതെ ഇരിക്കും. ഗുണമേന്മയുള്ള ഇത്തരം കുരുമുളക് വീടുകളിൽ അല്പമായെങ്കിലും എന്നും ഉണ്ടായിരിക്കണം. ആഹാരത്തിനും ആരോഗ്യത്തിനും ഉത്തമമാണിത്.
