ആയുസ്സിന്റെ വേദമാണ് ആയുർവേദം. രോഗത്തിനും രോഗിക്കും മരുന്നു നൽകുന്ന പ്രത്യേക ചികിത്സാവിധി. ബാഹ്യവും ആന്തരികവുമായ കാരണങ്ങളെ കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യുന്ന സമ്പ്രദായം.
ആധുനിക വൈദ്യശാസ്ത്രം അപരിഷ്കൃതമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്ന ആയുർവേദ ചികിത്സാരീതിയുടെ ഈടുറ്റ പാരമ്പര്യത്തിലേക്ക് നടന്നു നീങ്ങുമ്പോൾ കാണാവുന്ന കാമ്പുള്ളൊരു പേരാണ് കുറിച്ചിത്താനം മഠം.
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ,വ്രണം, നീർവീക്കം തുടങ്ങിയ അസുഖങ്ങൾക്ക് രക്തദൂഷ്യമാണ് കാരണമെന്ന് ഇവർ പറയുന്നു. തൊലിപ്പുറത്തും രോഗിയുടെ ഉള്ളിലും മരുന്ന് നൽകി അസുഖത്തെ ഇല്ലാതാക്കുന്ന സവിശേഷമായൊരു പരമ്പരാഗത ചികിത്സാ വിധിയെയും അത്ര പരിചിതമല്ലാത്ത രീതികളെയും ആണിന്ന് പരിചയപ്പെടുത്തുന്നത്.
കുറിച്ചിത്താനം മഠം ശ്രീധരൻ നമ്പൂതിരി എന്ന വൈദ്യൻ നടത്തിയ സമാനതകളില്ലാത്ത വൈദ്യ യാത്രയാണ് പ്രതിപാദ്യവിഷയം.
അസുഖത്തിനുള്ള മരുന്ന് കൊണ്ട് ശരീരവും മനസ്സും നിറയ്ക്കുക എന്നതാണ് ഇവിടത്തെ രീതി. ആയുർവേദ ചിട്ടവട്ടങ്ങളനുസരിച്ച് പുളിച്ച മോരിൽ പച്ചമരുന്നുകൾ ചേർത്ത് കൊഴു അതായത് തുരുമ്പിച്ച ഇരുമ്പ് കഷ്ണം ഇട്ട് മൺകലത്തിൽ ഏഴു ദിവസം അടുപ്പിനു മുകളിൽ കെട്ടിത്തൂക്കി സൂക്ഷിക്കുന്നു. ഇപ്പോൾ മോരിലേക്ക് ഇരുമ്പിന്റെ അംശം ലയിച്ചുചേരുകയാണ്. എട്ടാം ദിവസം മുതൽ ഈ മോര് പ്രത്യേക അളവിൽ രോഗിക്ക് നൽകാം.നല്ല കവർപ്പും സഹിക്കാനാവാത്ത ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്ന കാലയളവാണിത്.തുടർന്നുവരുന്ന ഏഴുദിവസം നല്ലരിക്ക മരുന്നായി നൽകുന്നു. പിന്നീടുള്ള ഏഴ് ദിവസമാണ് ചികിത്സാവിധി യിലെ ഏറ്റവും പ്രധാനപ്പെട്ടത്. മുറ്റത്ത് ഏഴടി നീളത്തിൽ ചാണകം മെഴുകിയ തറയിൽ ഇളംവെയിലിൽ 101തവണ സൂര്യനമസ്കാരം ചെയ്യണം. ഈ കാലയളവിൽ ആദ്യം അസുഖം വർധിക്കുന്നതായി തോന്നുമെങ്കിലും ക്രമേണ അതിന്റെ തോത് കുറഞ്ഞു വന്നു അസുഖം ഇല്ലാതാവുന്നു.
ആധുനിക വൈദ്യശാസ്ത്രം വിറ്റാമിൻ ഡി ഉപയോഗിച്ചുള്ള ചികിത്സാരീതിയുടെ ഏറ്റവും പരിഷ്കൃതമായ രൂപം ഇതാണെന്നു സാക്ഷ്യപ്പെടുത്തുന്നു . ശ്രീധരൻ നമ്പൂതിരിയിൽ നിന്നും കൈമാറിക്കിട്ടിയ പരമ്പരാഗതമായ അറിവുകൾ സംരക്ഷിച്ചുകൊണ്ട് പിൻതലമുറക്കാർ കുറിച്ചിത്താനം തറവാട് വീടിനോട് ചേർന്ന് ഇപ്പോഴും ഇത്തരം ചികിത്സാവിധികൾ പിന്തുടർന്നു പോരുന്നു. പ്രാകൃതമെന്ന് ഇന്നത്തെ മനുഷ്യർ വിളിച്ചാലും പ്രകൃതിയോട് ചേർന്നു നിന്നു കൊണ്ട് രോഗത്തെ ഉന്മൂലനം ചെയ്യുന്ന ഒരു ചികിത്സാ രീതി തന്നെയാണ് ഇത്. അതുകൊണ്ടാവണം ഇന്നും ഇവിടെ ആളുകൾ വന്നു പോകുന്നതും കഠിനമായ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്നു കൊണ്ടു രോഗമുക്തി നേടുന്നതും.
ആയുർവേദത്തിന്റെ വിറ്റാമിൻ ഡി